Monday, August 23, 2010

ഭ്രൂണഹത്യയ്ക്ക് ലൈസന്‍സ് നല്‍കുന്നത് ആപത്കരം-എപ്പിസ്‌കോപ്പല്‍ അസംബ്ലി
Posted on: 23 Aug 2010


കൊച്ചി: ജീവനെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാരുകള്‍ അതിനെ ഹനിക്കുന്ന കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ആശങ്ക രേഖപ്പെടുത്തി. രാഷ്ട്രത്തിന്റെ നിയമങ്ങള്‍ ഭ്രൂണഹത്യ, സ്വവര്‍ഗവിവാഹം, വാടകഗര്‍ഭപാത്രം, മദ്യപാനം തുടങ്ങിയവയ്ക്ക് ലൈസന്‍സ് നല്‍കുന്ന സ്ഥിതി ആപത്കരമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ ജീവന്റെ പക്ഷത്ത് നില്‍ക്കണമെന്നും അസംബ്ലി ആഹ്വാനം ചെയ്തു.കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതില്‍ അസംബ്ലി ഉത്കണ്ഠ രേഖപ്പെടുത്തിയതായി തീരുമാനങ്ങള്‍ വിശദീകരിച്ച ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു.

സമസ്തമണ്ഡലങ്ങളിലും വിശ്വാസചോര്‍ച്ച പ്രകടമാണ്. അതിനാല്‍ സമൂഹത്തെ വിവിധ മേഖലകളായി തിരിച്ച് വിശ്വാസപരിശീലനം നല്‍കണം. ധൂര്‍ത്തും ആര്‍ഭാടവും ജീവനുവിരുദ്ധമാണ്. ദേവാലയ നിര്‍മാണം, ആഘോഷങ്ങള്‍, ചടങ്ങുകള്‍ എന്നിവയില്‍ ലാളിത്യം പ്രകടമാക്കണം.

വികസനം എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാകണം. ഭീകരപ്രവര്‍ത്തനങ്ങള്‍, വിപ്ലവ പ്രത്യയശാസ്ത്രങ്ങള്‍, അക്രമരാഷ്ട്രീയം, വാടകഗുണ്ടാ സംഘങ്ങള്‍, മതമൗലികവാദങ്ങള്‍, ലൈംഗീകപീഡനങ്ങള്‍, പരിസ്ഥിതി മലിനീകരണം എന്നിവ വര്‍ധിച്ചുവരുന്നതില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. പരിസ്ഥിതി പ്രശ്‌നങ്ങളെ ധാര്‍മിക പ്രശ്‌നമായി പരിഗണിക്കണം. നാളെ ഇവിടെ ജീവിക്കേണ്ടവരെ കരുതി വേണം ഇന്നുള്ളവര്‍ ജീവിക്കുവാന്‍. ഭൂമിയും അതിലെ സ്രോതസ്സുകളും ആരുടെയെങ്കിലും ആധിപത്യത്തിനും ആര്‍ത്തിക്കും വിട്ടുകൊടുക്കരുതെന്നും യോഗം നിര്‍ദേശിച്ചു.

ലൈംഗിക അരാജകത്വവും കുടുംബബന്ധങ്ങളുടെ തകര്‍ച്ചയും ജീവന്റെ സംരക്ഷണത്തിന് ഭീഷണിയാണ്. കമ്പോളവികസന മാതൃക മനുഷ്യന്റെ സമഗ്ര വികസനത്തെ തടസ്സപ്പെടുത്തുന്നതായും അസംബ്ലി ചൂണ്ടിക്കാട്ടി.വിശ്വാസം ജീവന്റെ സംരക്ഷണത്തിനും സമ്പൂര്‍ണതക്കും എന്നതായിരുന്നു സെന്റ്‌തോമസ് മൗണ്ടില്‍ നടന്ന അസംബ്ലിയുടെ മുഖ്യ ചര്‍ച്ചാവിഷയം. അസംബ്ലി നിര്‍ദേശങ്ങള്‍ സീറോമലബാര്‍ സഭയുടെ സിനഡ് തിങ്കളാഴ്ച പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ സിനഡിലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ബിഷപ്പ് എടയന്ത്രത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. അഡ്വ.ജോസ് വിതയത്തില്‍, ഫാ.ജസ്റ്റിന്‍ വെട്ടുകല്ലില്‍, ഫാ. ഡോ. പോള്‍ തേലക്കാട്ട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സമകാലീന സമൂഹത്തില്‍ ജീവന്റെ അംബാസിഡര്‍മാരാകാന്‍ ക്രൈസ്തവര്‍ക്ക് കഴിയണമെന്ന് സമാപനസന്ദേശം നല്‍കിയ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു.

ദിവ്യബലിയില്‍ ചങ്ങനാശ്ശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികനായിരുന്നു. തൃശ്ശൂര്‍ ആര്‍ച്ച്ബീഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വചന സന്ദേശം നല്‍കി. (mathrubhumi)

No comments:

Post a Comment